അല്ലാഹു പറയുന്നു : (സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശുദ്ധമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. (അതിന്) അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ (അവനോട് നിങ്ങള്‍ നന്ദികാണിക്കുക!) (ഖുര്‍ആന്‍ 2:172)

നബി (സ) അരുളി : ഒരാള്‍ ഭക്ഷണം കഴിച്ച് ഇപ്രകാരം (ചുവടെ വരുന്ന 180ആം നമ്പര്‍ പ്രാര്‍ത്ഥന) ചൊല്ലിയാല്‍ അയാളുടെ കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ (ചെറു) പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്” (എന്നാല്‍, വന്‍പാപങ്ങള്‍ അല്ലാഹുവോട്‌ പശ്ചാത്തപിച്ചാലേ പൊറുക്കപ്പെടുകയുള്ളൂ.(حسن الألباني في سنن أبي داود:٤٠٢٣)

 

180.

الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة

: (حسن الألباني في سنن أبي داود:٤٠٢٣)

“അല്‍ഹംദു ലില്ലാഹില്ലദി അത്വ്അമനീ ഹാദാ വ റസക്നീഹി മിന്‍ ഗോയ്രി ഹവ്ലിന്‍ മിന്നി വലാ ഖുവ്വ.”

“എന്‍റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഇത് (ഈ ഭക്ഷണം) സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും നന്ദിയും.”

“യഥാര്‍ത്ഥത്തില്‍ ഓരോരുത്തരുടേയും സ്വന്തം കഴിവോ ശക്തിയോ യാതൊന്നും കൂടാതെ അല്ലാഹു തന്നെയാണ് എല്ലാവര്‍ക്കും ഭക്ഷണം വസ്ത്രവും പാര്‍പ്പിടവും മറ്റെല്ലാ ആസ്വാദനങ്ങളും സംഭരിച്ച് തരുന്നതും സംഭരിക്കുവാനുള്ള ബുദ്ധിയും ശക്തിയും ആരോഗ്യവും… നല്‍കുന്നതും അത് ആസ്വദിപ്പിക്കുന്നതും! അതുകൊണ്ട് ഹൃദയത്തിന്‍റെ അകത്തട്ടില്‍ നിന്ന് അല്ലാഹുവിന് എല്ലാ സ്തുതിയും നന്ദിയും എല്ലായ്പ്പോഴും പ്രകാശിപ്പിക്കേണ്ടത് സത്യവിശ്വാസികള്‍ക്ക്‌ ഒരു നിര്‍ബന്ധവുമാണ്. അങ്ങിനെ ചെയ്യാന്‍ വിസ്സമ്മതിക്കുന്നത് ഒരു ചെറിയ ദൈവനിഷേധം (കുഫ്‌ര്‍) ആണ്!”

 

181.

الْحَمْـدُ للهِ حَمْـداً كَثـيراً طَيِّـباً مُبـارَكاً فيه، غَيْرَ مَكْفِيٍّ وَلا مُوَدَّعٍ وَلا مُسْتَغْـنىً عَنْـهُ رَبُّـنا

: (البخاري :٥٤٥٨ وصحيح سنن أبي داود:٣٨٤٩)

“അല്‍ഹംദു ലില്ലാഹി ഹംദന്‍ കസീറന്‍ ത്വയ്യിബന്‍ മുബാറക്കന്‍ ഫീഹി, ഗോയ്റ മക്ഫിയ്യി വ ലാ മുവദ്ദഇന്‍, വ ലാ മുസ്തഗ്നന്‍ അന്‍ഹു റബ്ബനാ.”

“സ്തുത്യര്‍ഹമായതും എണ്ണമറ്റതും അതിവിശിഷ്‌ടമായതും അനുഗ്രഹീതമായതുമായ എല്ലാ സ്തുതിയും നന്ദിയും അല്ലാഹുവിനാണ്. ഞങ്ങള്‍ക്ക്‌ മതിയാക്കാനാവാത്തതും, വിടപറയാനാവാത്തതും, ഒഴിച്ചുകൂടാനാവാത്തതുമായ നിലയിലുള്ള (ഈ ഭക്ഷണങ്ങളും മറ്റെല്ലാ ആസ്വാദനങ്ങളും നല്‍കിയതിനുള്ള) എല്ലാ സ്തുതിയും നന്ദിയും നിനക്ക് മാത്രമാണ് ഞങ്ങളുടെ റബ്ബേ!”